ഇതൊക്കെയാണ് ആത്മാർത്ഥ പ്രണയം | കണ്ണൊക്കെ അറിയാതെ നിറഞ്ഞു പോയി

in Story 10 views

ഇതാണ് പ്രണയം , ഇത് മാത്രമാണ് പ്രണയം. ദൈവം പോലും നമിച്ചു പോയ ഒരു പ്രണയം..
പ്രണയം എന്നത് ഇന്ന് തികച്ചും ഒരു അലങ്കാരമോ നേരമ്പോക്കോ ആയി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ദൈവത്തെ പോലും തോൽപ്പിച്ചു കളഞ്ഞ ഒരു പ്രണയ കഥ. കൗമാരം മുതൽ വാർദ്ധക്യം വരെ നിരവധി പ്രണയങ്ങളിലൂടെ കടന്നു പോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു പിണങ്ങി പുതിയ കാമുകനെയും കാമുകിയെയും കണ്ടെത്തുന്ന തലമുറയാണ് നമ്മുടേത്. ബഹു ഭൂരിപക്ഷം പ്രണയങ്ങളും സെക്സിൽ അവസാനിക്കുകയും, സെക്സ് പിന്നീട് പ്രണയത്തെ അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്. ശരീരങ്ങൾ തമ്മിൽ പ്രണയിക്കുമ്പോൾ ആ പ്രണയം സെക്സിലും മനസ്സുകൾ തമ്മിൽ പ്രണയിക്കുമ്പോൾ ഇഷ്ടത്തിലും ചെന്നെത്തുന്നു. അങ്ങനെ ഇഷ്ടത്തിൽ ചെന്നെത്തി പിന്നീട് അത്ഭുതമായി മാറിയ സുധാകരൻ മാഷിന്റെയും ഷിൽനയുടെയും പ്രണയം,

1999ൽ ഇന്റർസോൺ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കവിതയുടെ രചയിതാവിനെ തേടിയുള്ള ഷിൽനയുടെ അന്വേഷണം ചെന്നെത്തിയത് പയ്യന്നൂർ കോളേജിലെ ബി എ വിദ്യാർത്ഥിയായ സുധാകരനിലാണ്. സുധാകരന് കിട്ടുമോ എന്ന് പോലും ഉറപ്പില്ലാതെ പയ്യന്നൂർ കോളേജിലേക്ക് ഷിൽന അയച്ച ആദ്യ കത്തിൽ ആരംഭിച്ച സൗഹൃദം വളർന്നു, വളർന്നു എന്നാൽ ഭൂമിയോളം,വളർന്നു.അത് പിന്നെ ഒരുപാട് സന്തോഷങ്ങളുടെയും നൊമ്പരങ്ങളുടെയും ജീവിത കാഴ്ചയിലേക്ക് വഴി തുറന്നു. പരസ്പരം കണ്ടിട്ടില്ലെങ്കിലും കത്തിലൂടെയുള്ള സുധാകരന്റെ സ്നേഹവും കരുതലും പിന്നീട് ഷിൽനയെ സുധാകരനോടുള്ള പ്രണയത്തിലേക്കെത്തിച്ചു.

2005ലാണ് അവർ പരസ്പരം കാണുന്നത്. അതും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച്. ആ തിരക്കിൽ സുധാകരനെ തിരിച്ചറിയാൻ ഷിൽന മനസ്സിൽ സൂക്ഷിച്ച വർഷങ്ങൾക്ക് മുൻപ് പത്രത്തിൽ വന്ന സുധാകരന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്. അവർ നേരിൽ കണ്ടപ്പോൾ മറ്റുള്ളവർക്ക് വേണമെങ്കിൽ പറയാവുന്ന പരിമിതികളുള്ള സുധാകരനോട് ഷിൽനയ്ക്ക് കൂടുതൽ ഇഷ്ടമാണുണ്ടായത്. കുട്ടിക്കാലം മുതൽ ദാരിദ്ര്യവും കഷ്ടപ്പാടുകളും മാത്രം കൂട്ടിനുണ്ടായിരുന്ന സുധാകരൻ തന്റെ ജീവിത സാഹചര്യത്തിനും സൗന്ദര്യത്തിനും ഒരിക്കലും യോജിച്ച ഒരുവളല്ല സുന്ദരിയായ ഷിൽന എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ അവളുടെ പ്രണയ അഭ്യർത്ഥന നിരസിക്കുകയും പിന്തിരിയാൻ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ അവൾ കണ്ടിരുന്നത് സുധാകരന്റെ ബാഹ്യമായ സൗന്ദര്യത്തെയോ സാമ്പത്തിക ശേഷിയെയോ ഒന്നുമല്ല, അദ്ദേഹത്തിന്റെ നല്ല മനസ്സിനെ മാത്രമാണ്. ഒരു പക്ഷേ അവളോളം അത് കണ്ടവർ മറ്റാരും ഉണ്ടാവില്ല എന്ന് തന്നെ പറയാം.

ആ കൂടിക്കാഴ്ച അവസാനിക്കുമ്പോൾ തന്റെ ഒരു ഫ്രെയിം ചെയ്ത ഫോട്ടോയും അവൾ സുധാകരന് സമ്മാനിച്ചു. എന്നാൽ ചോർന്നൊലിക്കുന്ന മേൽക്കൂരയും ചാണകം മേഞ്ഞ നിലത്തോടും കൂടിയ ദാരിദ്ര്യത്തിന്റെ പടുകുഴിയിലുള്ള തന്റെ വീട്ടിൽ അവളുടെ ഫോട്ടോ സൂക്ഷിക്കാൻ ഒരിടം പോലും ഇല്ല എന്ന കാര്യവും അവളോട് അദ്ദേഹം തുറന്ന് പറഞ്ഞു. എല്ലാം ശരിയാവും എന്ന് അയാളുടെ കൈ പിടിച്ച് മിഴികളിലൂടെ അവൾ പറഞ്ഞു. അവിടെയാണ് ഇവരുടെ ജീവിതത്തിലെ പ്രണയത്തിന്റെ യഥാർത്ഥ സൗന്ദര്യം ആരംഭിക്കുന്നത്. ഒരു വർഷത്തിന് ശേഷം അവർ വിവാഹിതരായി. തുടക്കത്തിൽ ഷിൽനയുടെ ബന്ധുക്കൾക്ക് സാമ്പത്തിക സാഹചര്യങ്ങളിലും മറ്റും വളരെ പിന്നിൽ നിൽക്കുന്ന സുധാകരനോട് അൽപ്പം നീരസം ഉണ്ടായിരുന്നെങ്കിലും ഷിൽനയെ കീഴടക്കിയ അദ്ദേഹത്തിന്റെ മനസൗന്ദര്യം പിന്നീട് അവരെയും കീഴടക്കി.

തുടർന്ന് ഒരു ജോലിയ്ക്കുള്ള നെട്ടോട്ടത്തിലായി ഇരുവരും. രണ്ട് പേർക്കും ജോലി ലഭിച്ചതും ഒരേ ദിവസമായിരുന്നു എന്നതാണ് പ്രകൃതിയുടെ മറ്റൊരു അത്ഭുതം. ഷിൽനയ്ക്ക് ഫെഡറൽ ബാങ്കിലും സുധാകരന് ഹൈസ്കൂൾ അധ്യാപകനായും ജോലി ലഭിച്ചു. പിന്നീട് സുധാകരന് തലശ്ശേരി ബ്രണ്ണൻ കോളേജിലെ മലയാളം അധ്യാപകനായി ജോലി ലഭിച്ചതോടെ ജീവിതം പച്ചപിടിക്കാൻ ആരംഭിച്ചു. കൂലി പണി ചെയ്തും മറ്റും കഷ്ടപ്പെട്ട് തന്നെ വളർത്തിയ അച്ഛനമ്മമാർക്ക് തങ്ങളുടെ ചെറ്റക്കുടിലിൽ നിന്നും ഒരു മോചനം നൽകുക എന്നതായിരുന്നു സുധാകരന്റെ മറ്റൊരു വലിയ സ്വപ്നം. പുതിയ വീടെടുത്ത് അവരെ മെച്ചപ്പെട്ട ജീവിത രീതിയിലേക്ക് എത്തിക്കുമ്പോഴേക്കും വർഷങ്ങൾ ഓരോന്നായി മുന്നോട്ട് പോയിരുന്നു.

അവരുടെ ജീവിതത്തിൽ ഇത്രയേറെ അനുഗ്രഹങ്ങൾ തന്ന ദൈവം കുഞ്ഞുങ്ങളെ നൽകാതെയാണ് പിന്നീട് അവരെ പരീക്ഷിച്ചത്. മനോഹരമായ അവരുടെ ജീവിതത്തിലേക്ക് പിന്നീട് അതൊരു നൊമ്പരമായി കടക്കാൻ ആരംഭിച്ചപ്പോൾ കുഞ്ഞിനായുള്ള തീവ്ര ശ്രമം ആരംഭിച്ചു. പല സ്ഥലങ്ങളിലും പല ചികിത്സകളും നടത്തി ഒരു ഫലവും കാണാതിരുന്ന സാഹചര്യത്തിലാണ് armcivf.com എന്ന വെബ് ലിങ്ക് അവൾക്ക് ലഭിക്കുന്നത്. അങ്ങനെയാണ് അവസാന ആശ്രയം എന്ന നിലയ്ക്ക് കോഴിക്കോടുള്ള എ ആർ എം സി യിൽ അവർ ചികിത്സ തേടാൻ തീരുമാനിച്ചത്. ആ തീരുമാനം വന്ധ്യതാ ചികിത്സാ രംഗത്തെ പ്രശസ്തനായ ഡോക്ടർ കുഞ്ഞുമൊയ്ദീന്റെ മുന്നിലാണ് അവരെ എത്തിച്ചത്. തുടർന്ന് ചികിത്സയുടെ ഭാഗമായി രണ്ട് തവണ ഐ വി എഫ് ട്രീറ്റ്മെന്റ് ചെയ്‌തെങ്കിലും ഫലം കണ്ടില്ല. ഷിൽനയുടെ ശാരീരിക അവസ്ഥയുടെയും ആരോഗ്യ നിലയുടെയും സാഹചര്യങ്ങളാണ് ഐ വി എഫ് പരാജയപ്പെടാനുള്ള കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടൊപ്പം സുധാകരൻ മാഷിന്റെ ബീജം എടുത്ത് സൂക്ഷിക്കാമെന്നും അനുയോജ്യമായ സാഹചര്യം വരുമ്പോൾ ഒന്നുകൂടി പരീക്ഷിക്കാമെന്നും നിർദ്ദേശിച്ചു.

അങ്ങനെ 2017 ഓഗസ്റ്റ് 17ന് വീണ്ടും ഐ വി എഫ് ചെയ്യാമെന്ന് തീരുമാനിച്ചു. അതിനായി മൂന്ന് ദിവസം മുന്നേ പരിശോധനകൾക്കായി എ ആർ എം സിയിലേക്ക് പോകേണ്ടതുണ്ടായിരുന്നു. ആ സമയത്ത് തന്നെ കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ റിഫ്രഷ്മെന്റ് കോഴ്‌സിൽ പങ്കെടുക്കുകയായിരുന്നു മാഷ്. അവസാന ദിവസം എല്ലാവരും കൂടി മാഷിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ തേക്ക് മ്യൂസിയം സന്ദർശിക്കാം എന്ന് തീരുമാനിച്ചിരുന്നു. വൈകുന്നേരം ആകുമ്പോഴേക്കും ഷിൽന കോഴിക്കോട് എ ആർ എം സിയിലേക്ക് എത്തിയാൽ മതിയെന്നും താൻ നിലമ്പൂരിൽ നിന്നും അവിടേക്ക് എത്തിക്കോളാം എന്നും മാഷ് പറഞ്ഞു.

ഷിൽന കണ്ണൂരിൽ നിന്നും എ ആർ എം സിയിലേക്ക് യാത്ര ആരംഭിച്ചു. പക്ഷേ ഇടയ്ക്കിടയ്ക്ക് വിളിച്ചു കാര്യങ്ങൾ തിരക്കാറുള്ള മാഷ് അന്ന് വിളിക്കാത്തതിനാൽ സംശയം തോന്നിയ ഷിൽന മാഷിനെ വിളിച്ചു. പക്ഷേ ഫോൺ ഓഫായിരുന്നു. ഷിൽന യാത്ര ചെയ്യുന്ന ട്രെയിനിൽ നല്ല തിരക്കുമായിരുന്നു. പിന്നീട് ഷിൽനയുടെ അച്ഛൻ വിളിച്ച് തനിക്ക് ചെറിയ ഒരു അപകടം സംഭവിച്ചുവെന്നും അതുകൊണ്ട് തിരിച്ചു വരണമെന്നും നിർദ്ദേശിച്ചു. അങ്ങനെ തിരിച്ചു പോകുമ്പോൾ ഫോണിലെ വാട്സാപ്പ് ഗ്രൂപ്പിൽ കണ്ണൂർ ബ്രണ്ണൻ കോളേജിലെ അധ്യാപകൻ നിലമ്പൂരിൽ വച്ച് കാറപകടത്തിൽ മരിച്ചു എന്നൊരു സന്ദേശം അവൾ കണ്ടു. നിലമ്പൂരിൽ നിന്നും തിരികെ വരുകയായിരുന്ന മാഷിന്റെ കാറിലേക്ക് പാഞ്ഞു കയറിയ ആ ലോറി തകർത്തത് വലിയ ഒരു പ്രണയത്തിന്റെ അടങ്ങാത്ത സ്വപ്നങ്ങളെയായിരുന്നു. ഒരു പക്ഷേ ദൈവത്തിന് പോലും അവരുടെ പ്രണയത്തിൽ അസൂയ തോന്നിയിരിക്കാം. അല്ലെങ്കിൽ പ്രണയിച്ചു കൊതി തീരും മുൻപേ ആ ജീവൻ എടുക്കില്ലായിരുന്നു.

മാഷിന്റെ മരണത്തോടെ സ്വാഭാവികമായും ചെറുപ്പക്കാരിയായിരുന്ന ഷിൽനയെ മറ്റൊരു വിവാഹത്തിന് ബന്ധുക്കൾ നിർബന്ധിക്കാവുന്ന സാഹചര്യത്തിൽ ഷിൽന മറ്റൊരു തീരുമാനമാണ് എടുത്തത്. താൻ മാഷിന്റെ കുഞ്ഞിന് ജന്മം നൽകും എന്ന്. ആദ്യം അച്ഛനോട് പറഞ്ഞു. മാഷിന്റെ ബീജം എ ആർ എം സിയിൽ സൂക്ഷിച്ചിട്ടുണ്ട്, ആരോഗ്യപരമായി തന്റെ ശരീരം ഇപ്പോൾ ഐ വി എഫ് ട്രീറ്റ്‌മെന്റിന് അനുയോജ്യവുമാണ്, അതുകൊണ്ട് അച്ഛൻ ആശുപത്രിയിൽ സംസാരിക്കണം. എന്നാൽ ഇങ്ങനെ ഒരു തീരുമാനത്തിന് ഒരു പിതാവും ഒരിക്കലും കൂട്ടുനിൽക്കാൻ സാധ്യത ഇല്ലാത്തതാണ്. ചെറുപ്പക്കാരിയായ മകളുടെ ഭാവി മാത്രമായിരിക്കും ഏതൊരു പിതാവിന്റെയും ചിന്ത. എന്നാൽ മകളുടെ പ്രണയത്തിന്റെ തീവ്രത അറിയാവുന്ന പിതാവ് ഡോക്ടർ കുഞ്ഞുമൊയ്ദീനെ വിവരം അറിയിച്ചു. പിന്നീട് ഷിൽനയെ ആശുപത്രിയിൽ വരുത്തി നിങ്ങൾ ചെറുപ്പമാണ്, മറ്റൊരു വിവാഹമല്ലേ അഭികാമ്യം എന്നെല്ലാം പറഞ്ഞ് പിന്തിരിപ്പിക്കാൻ ഡോക്ടർ കുഞ്ഞുമൊയ്‌ദീൻ ശ്രമിച്ചു. എങ്കിലും അവളുടെ തീരുമാനത്തിന് മുന്നിൽ ഡോക്ടറും പരാജയപ്പെട്ടു. മാഷിനോടുള്ള

പ്രണയത്തിനേക്കാൾ വലുതായി മറ്റൊരാൾക്കും തനിക്ക് ഒന്നും നൽകാൻ സാധിക്കില്ല എന്നാണ് അവൾ പറഞ്ഞത്. ആ തീരുമാനത്തിന് മുന്നിൽ നിറകണ്ണുകളോടെ ഷിൽനയെ ചേർത്ത് പിടിച്ച് തന്നാൽ കഴിയുന്നതെല്ലാം ചെയ്തു തരാം എന്ന് ഡോക്ടർ കുഞ്ഞുമൊയ്‌ദീൻ ഉറപ്പു നൽകി.
അപ്പോഴും ഐ വി എഫ് വിജയിക്കുമോ എന്ന ആശങ്ക അവളെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ഷിൽനയുടെ ആ ദൃഢ നിശ്ചയത്തിന് മുന്നിൽ എല്ലാ തടസങ്ങളും പിന്മാറി. ആ ഐ വി എഫ് ട്രീറ്റ്മെന്റ് വിജയം കണ്ടു. ഷിൽന ഗർഭം ധരിച്ചു , പ്രസവിച്ചു. ദൈവം അവൾക്ക് ദൈവം നൽകിയത് ഇരട്ട കുട്ടികളെയാണ്. ആ കുട്ടികൾക്ക് മാഷ് മുന്നേ കരുതി വച്ചിരുന്ന പേരുകളും അവൾ നൽകി . ഈ ചികിത്സയ്ക്ക് പുറപ്പെടും മുമ്പ് കുഞ്ഞുങ്ങൾക്കിടാനുള്ള പേരുകൾ മാഷ് ഡയറിയിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു, നിമ , നിയ. പക്ഷേ ആ പൊന്നോമനകളെ കാണാൻ മാത്രം മാഷിനോട് ദൈവം കരുണ കാണിച്ചില്ല.

ഇന്ന് പ്രണയം പലരും നേരമ്പോക്കായി മാത്രം കാണുമ്പോൾ നമ്മുടെ കണ്മുന്നിൽ തന്നെ ഷിൽനയും ആ കുഞ്ഞുങ്ങളും മറ്റൊരു പ്രണയിതാക്കൾക്കും പ്രണയത്തെ ഇത്രമാത്രം പ്രണയിക്കാൻ കഴിയില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ജീവിക്കുന്നു. ഞങ്ങളും നമിച്ചു പോയി സഹോദരി ഷിൽന, നിന്റെ പ്രണയത്തിന് മുന്നിൽ.
@കടപ്പാട്

Share this on...