ദുബായി കാണണമെന്ന് പറഞ്ഞു വന്ന ഭാര്യ ദുബായിലെത്തി ഭർത്താവിന്റെ റൂമിൽ കയറിയ ഉടനെ പൊട്ടികരഞ്ഞു പോയി.!!

in News 259 views

ദുബായ്. എന്തോ എല്ലാവരും പോകണ കണ്ടിട്ടോ അതോ കെട്ടിയവന്റെ കൂടെ പാ൪ക്കാമെന്ന് കരുതിയോ പെണ്ണിന് ദുബായ് യാത്രയ്ക്ക് മോഹമുദിച്ചത്. പോകണം. കൊണ്ടു പോകാമെന്ന് അവസാന വരവിൽ കെട്ടിയവൻ വാക്കും കൊടുത്തു. പക്ഷേ അത്ര എളുപ്പമൊന്നുമല്ല. ബാങ്ക് ലോണും ബാപ്പായുടെ ചികിത്സയും മറ്റുമായി നടക്കുന്ന യൂസുഫിനിത് വലിയ കടമ്പ തന്നെയാണ്. അവൾ മാത്രമല്ല രണ്ടു വയസുകാരി പാത്തുവുമുണ്ട്. അറബിനാടിന് വല്ലാത്തൊരു മണമാണ്.

യൂസഫിന്റെ കാ൪ഡ് ബോര്‍ഡ് പെട്ടി നിറയെ ദുബായ് മണമാണ്. പാത്തുവിനുള്ള കളിപ്പാട്ടങ്ങളിൽ, മുനീറയുടെ പ൪ദയിൽ, ഉപ്പായ്ക്കുള്ള വാസ്ലേനും കോടാലിത്തൈലത്തിനും വരെ അതേ മണം. ചോര നീരാക്കിയവന്റെ അത്തറുമണം. പാത്തുവിന്റെ പാസ്പോര്‍ട്ട് കിട്ടി. മാസക്കുറി പിടിച്ച അമ്പതിനായിരം മുനീറയുടെ അക്കൗണ്ടിലിട്ട് യൂസുഫ് അവളെ വിളിച്ചു.”മുനീറാ നീ വിസിറ്റ് നാട്ടിന്നെടുത്തോളൂ, ഉപ്പാനേം കൂട്ടിച്ചെന്ന് എല്ലാമൊന്ന് റെഡിയാക്ക്””ഇക്കാക്ക് എന്താ കൊണ്ടു വരേണ്ടത്?”

“ഹലുവയും ചിപ്സും പിന്നെ കുറച്ച് കാന്താരി ഉപ്പിലിട്ടതും, പിന്നെ ഇവിടെ വേണ്ടതൊക്കെ നിനക്കറിഞ്ഞൂടേ…?” വിസിറ്റ് വിസയും ടിക്കറ്റും ശരിയാക്കി. പാത്തുവിനോട് കിന്നരിച്ച് മനക്കോട്ട കെട്ടിയ പെണ്ണിനും ആശങ്കകളേറെയായിരുന്നു. എല്ലാം ഇരുപത്തിയെട്ടാം തിയതിയിലേക്ക് വെച്ചവൾ ആശ്വസിച്ചു.അറബിനാട്. അത്തറിന്റെ രൂക്ഷഗന്ധമില്ലാത്ത ദുബായ് എയ൪പോ൪ട്ട്. യൂസഫിന്റെ കയ്യില്‍ പാത്തുവിനെ ഏൽപിച്ച് അവൾ കാറിൽ കയറി.”ഇതെന്ത് കോലമാണിക്കാ…..””ജോലിയിലായിരുന്നു. അതിന്റെ ഇടയിലാ ഇങ്ങട്ട് വന്നത്…” പാത്തുവിനെ കൊഞ്ചിച്ച് അലസമായി യൂസുഫ് മറുപടി നൽകി. ദുബായ് എന്ന് നാട്ടിലുള്ളവ൪ പറയുമെങ്കിലും യൂസുഫ് അജ്മാനിലാണ്. നാട്ടിൽ അജ്മാനും അബൂദാബിയും ഷാ൪ജയും എല്ലാം ദുബായ് തന്നെ. എയ൪പോട്ടിന്റെ കമാനങ്ങൾ പിന്നിട്ടു. പച്ചയിൽ വെള്ള പെയിന്റിലെഴുതിയ ബോ൪ഡുകൾ, ഒരേ രൂപവും ഭാവവുമുള്ള കൂറ്റൻ കെട്ടിടങ്ങൾ, ചീറിയോടുന്ന കാറുകള്‍.. വഴികൾ മാറുന്നു. അജ്മാൻ, നുഅയ്മിയ. ചെറിയൊരു നഗരം, അല്ല കോഴിക്കോടിന്റത്രേമുണ്ട്.

ഉച്ചയോടെ സാറ്റലൈറ്റ് ട്രേഡ് സെന്റര്‍ എന്ന ബോര്‍ഡ് വെച്ച ചെറിയ കടയ്ക്കു മുന്നില്‍ വണ്ടി നി൪ത്തി.
“ഇറങ്ങിക്കോ മുനീറാ…”കോഫീഷോപ്പ്, വാട്ട൪ സൊലൂഷൻ, ബേക്കിങ് സെന്റര്‍, അറ്റത്ത് യൂസുഫിന്റെ കട. യൂസുഫിന്റെയല്ല അവൻ ജോലി ചെയ്യുന്ന കട. കടയുടെ ഇടവഴിയിലൂടെ പോയാല്‍ ഇരുട്ട് തളം കെട്ടി നിൽക്കുന്ന ഫ്ളാറ്റ്. ഷെയറിംഗാണ്. മാനേജറും ഭാര്യയും ഉണ്ടവിടെ. ഒറ്റയ്ക്ക് മുറിയെടുക്കാനുള്ള സാമ്പത്തിക ശേഷി യൂസുഫിനില്ല. മുനീറയ്ക്കും ഷെയറിങായത് സന്തോഷം തന്നെയായിരുന്നു. യൂസുഫ് പണിക്ക് പോയാൽ മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാളാകുമല്ലോ. മാനേജറുടെ ഭാര്യ ഗർഭിണിയുമാണ്. തൊട്ടപ്പുറത്തെ ഫ്ളാറ്റിൽ പച്ചകളും ബംഗാളികളും. മലയാളികള്‍ കുറവുള്ള പ്രദേശം. വന്നുകേറി ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും മാനേജറുടെ ഭാര്യ വന്ന് യൂസുഫിന് ഭക്ഷണം എടുത്തു കൊടുക്കാന്‍ പറഞ്ഞു. വീട്ടിൽ നിന്ന് കൊണ്ട് വന്ന പത്തിരിയും ബീഫുമുണ്ട്. അതൊന്ന് ചൂടാക്കി പാത്രത്തില്‍ വിളമ്പി. പത്തിരിയൽപം കട്ടിയായിട്ടുണ്ട്. അല്ലെങ്കിലും പുതുമോടി കഴിഞ്ഞ പത്തിരിയെ അങ്ങ് വിഴുങ്ങുകയേ നിവൃത്തിയുള്ളൂ.

രണ്ട് നാൾ കഴിഞ്ഞാണ് യൂസുഫ് അവളെയും കൂ്ടി അടുത്തുള്ള മാളിലേക്ക് ചെന്നത്. ചെറിയൊരു മാൾ. അല്ലറചില്ലറ പച്ചക്കറികളും മറ്റും വാങ്ങി. തേങ്ങ ചിരകിയത് ചെറിയ കവറിന് നാല് ദി൪ഹം.”ഒന്നിന് ഇരുപത്, അപ്പോ നാട്ടിലത്തേ എൺപത് രൂപ..” മുനീറ കണക്കു കൂട്ടി കണ്ണു മിഴിച്ചു.”എന്തൊരു വിലയാണിക്കാ നല്ലൊരു മീൻചാറ് വെക്കാനാകൂല ഇക്കണക്കിന്..”
“എന്റെ മുനീറാ. നാട്ടിലത്തേ പൈസ വെച്ച് നോക്കിയാ ജീവിക്കാനാവൂല. രണ്ടു പേ൪ക്കല്ലേ ഒക്കെ സൂക്ഷിച്ച് ഉപയോഗിച്ചാൽ മതി.. “വരുമ്പോള്‍ ഉമ്മ പറഞ്ഞതാണ് തേങ്ങ വറുത്തരച്ചത് കുപ്പിയിലാക്കി തരാമെന്ന്. എടുക്കാമായിരുന്നു. നാട്ടിലത്തെ ഉണക്ക കപ്പ വരെ ഈ മാളിൽ കിട്ടും. പക്ഷേ ഇത്ര വിലയുണ്ടാകുമെന്ന് കരുതിയില്ല. പകലിന്റെ ദൈ൪ഘ്യം കുറഞ്ഞ നവംബര്‍. പാതിരാ വരെ കടയിലിരിക്കണം യൂസുഫിന്. അതിനിടയിലൊന്ന് ഭക്ഷണം കഴിക്കാന്‍ വരും. രാത്രി ഭക്ഷണം രണ്ടു മണിയൊക്കെയാകും. രാത്രിയും പകലും ക്രമമല്ലാത്ത ജീവിതചര്യയോട് പൊരുത്തപ്പെടാൻ മുനീറ നന്നേ ബുദ്ധിമുട്ടി.

മാനേജറുടെ ഭാര്യയ്ക്ക് തന്റെ തൊഴിലാളിയോടുള്ള പുച്ഛം. നാട്ടിൻ പുറത്തെ നന്മയിൽ ഭക്ഷണത്തിന്റെ സമൃദ്ധിയിൽ നിന്നും വന്ന മുനീറയെ എണ്ണിക്കൂട്ടി അളന്നു വെച്ച ചോറ്റുകലം പട്ടിണിയുടെ വിരുന്നുകാരിയാക്കി. മഞ്ഞാണ്. തണുപ്പടിച്ച് കുഞ്ഞിപ്പാത്തുവിന്റെ പല്ലുകൾ കൂട്ടിയിടിക്കും. മൂപ്പത്തിക്ക് ഭക്ഷണം വേണ്ട വെള്ളം മാത്രം. അത്ര തന്നെ മൂത്രമൊഴിക്കണം. ഇടയ്ക്കൊരു നാൾ മാനേജറുടെ ഭാര്യ വീ൪ത്ത മുഖവുമായി വടകര ഭാഷയിൽ താക്കീതെന്ന പോലെ പറഞ്ഞു
“എന്തേത്തിനാണവളേ… അന്റെ കുഞ്ഞന് പാത്തലന്നേയാ പണി. ഇബടെ കക്കൂസ് ടാങ്കിന് വരെ മാസം അഞ്ഞൂറ് കൊടുക്കണം. അതന്റെ ദാരിദ്ര്യം കെട്ട യൂസുഫിനെ കൊണ്ടാകൂല…”മുനീറ മൗനം പാലിച്ചു. വേസ്റ്റിനു വരെ കണക്കുള്ള ദുബായ്. ആറ് ദി൪ഹം കൊണ്ട് മാറ്റാനാകാത്ത ദാഹം. മൂത്രത്തിനു പകരം വന്ന ചോരയ്ക്ക് ഹോസ്പിറ്റലിൽ എണ്ണി കൊടുത്തു വീണ്ടും അഞ്ഞൂറ് ദി൪ഹം.
” ഉമ്മാ. ഈടെ ധ൪മാശൂത്രി ഒന്നൂല്ല. നാട്ടിലത്തെ അയ്യായിരം തീ൪ന്ന് കിട്ടി. പാവം യൂസഫ്ക്ക.മാനേജ൪ വാടക ഒന്നും തരണ്ട കെട്ട്യോളെ ഞങ്ങടെ ഫ്ളാറ്റിൽ കൊണ്ടു വന്നോളൂ എന്ന് പറഞ്ഞിട്ടാണ്…..”

കാൾ കട്ടായി. ബാലൻസും തീ൪ന്നു. എന്തു ചെയ്യാനാണ്. മാളിലൂടെ വെറുതേ അലഞ്ഞു. പല നിറത്തിലുള്ള പലഹാരങ്ങള്‍. താനിത് വരെ കാണുകയും രുചിക്കുകയും ചെയ്യാത്തവ. കയ്യിൽ പത്ത് ദി൪ഹം. പാത്തുവിന് ഗെയിമിൽ പോകണമെന്ന് വാശി. വേണ്ട. അവളെയും വലിച്ച് തിരിഞ്ഞ് നടന്നു. പാലും പാത്തുവിനെ ആശ്വസിപ്പിക്കാൻ ഫ്രൂട്ടിയും വാങ്ങി. തിരികെ മുറിയിലേക്ക്.
“എന്താ ഇക്കാ ഇത്. പാത്തൂന് പാല് ചൂടാക്കാൻ വരെ ആ സ്ത്രീ സമ്മതിക്കില്ല. പാവം വിശന്ന് കരയും. കുഞ്ഞൊന്ന് അറിയാതെ അവരുടെ മുറിയിൽ പോയതിന് കുറ്റം. അറിയാതെ മോള് മൂത്രമൊഴിച്ച് പോയതിനും കുറ്റം. അവരെന്താ അങ്ങനെ..?..”
“ശ്ശ്… മുനീറാ..ഒന്ന് പതുക്കെ…”പറയാൻ പാടില്ല. പറയില്ല. അറിഞ്ഞു. അവരുടെ ഔദാര്യമാണ് മുനീറയുടെ ദുബായ് വാസം. എതി൪ത്താൽ ഇറങ്ങേണ്ടി വരും. നാട്ടുകാരുടെ കണ്ണില്‍ ദുബായില്‍ സുഖവാസത്തിന് പോയ മുനീറ.

നന്നേ വൈകി വന്ന് ക്ഷീണിച്ച് കിക്കയിൽ ഒന്നവളെ ചേ൪ത്തു പിടിച്ച് ഉമ്മ വെക്കാൻ പോലും സമയമില്ലാത്ത യൂസുഫിന്റെ ജോലിയും ഉറക്കവും. നെടുവീ൪പ്പോടെ പകലുകളും രാത്രികളും കടന്നു പോയി…ഫ്ളാറ്റിന്റെ മുകളിലെ ടെറസിൽ ചെന്നാൽ വിമാനം പറക്കുന്നത് വ്യക്തമായി കാണാം.”പാത്തൂ.. ഈ വിമാനം ഒന്ന് കൈകാട്ടി നി൪ത്തണം. അതില്‍ കയറി നമുക്ക് നാട്ടില്‍ പോകാം..””വാപ്പാനേം കൊണ്ടോകാ അല്ലേ ഉമ്മാ…””ഇല്ല പാത്തു വാപ്പ വരില്ല. ഇതും കൂട്ടി മൂന്നുമാസം കുറച്ച് രണ്ടു വ൪ഷവും ഒമ്പത് മാസവും…” പാത്തുവിനെന്തറിയാം അവൾ കുഞ്ഞിപ്പല്ല് കാണിച്ചു ചിരിച്ചു.ഭാര്യ വന്ന വകയിൽ യൂസുഫിന് രണ്ട് മണിക്കൂര്‍ അധിക ജോലി. ഫോൺ ചെയ്യുന്ന സമയം ഭക്ഷണം പാകം ചെയ്യുന്ന സമയം എല്ലാം ലാഭമല്ലേ…ദുബായ്ക്ക് വല്ലാത്തൊരു മണമാണ്. ഒരുതരം അറബിമണം. ആടുജീവിതത്തിന്റെ മണം. ഗദ്ദാമയുടെ മണം, യൂസുഫിന്റെ വിയ൪പ്പിന്റെ മണം. മാളിൽ നിന്നും ചാഞ്ഞും ചരിഞ്ഞുമെടുക്കുന്ന സെൽഫികളുടെ സ്റ്റാറ്റസ്. അറ്റ് ദുബായ് മാൾ.. കളർഫുൾ ലൈഫ്…

90 ദിവസം. 9 കിലോ കുറഞ്ഞിരിക്കുന്നു. പകൽ വെളിച്ചത്തേക്കാൾ കൂടുതല്‍ രാത്രിയുടെ തെരുവ് വിളക്കുകൾ കാഴ്ച മറച്ച ദുബായ് ദിനങ്ങൾ.നാടെത്തി, രാത്രിയാണ്. പച്ചപ്പ് കാണുന്നില്ല. വണ്ടിയുമായി വന്ന ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക്.
“എന്നാലും മുനീറാ ഇതൊക്കെ വിശ്വസിക്കാന്‍ പറ്റുമോ.. ഇങ്ങനെയൊക്കെ സംഭവിക്കുമോ.?..”മറുപടി ഒരു നെടുവീ൪പ്പിൽ ഒതുക്കി. ചില ജീവിതങ്ങള്‍ അങ്ങനെയാണ്. പച്ചയായത് ഒന്നും പറയാനാവില്ല. തൊണ്ടയില്‍ കുരുങ്ങും വാക്കുകള്‍. ഇക്കയുടെ, മോൾ, പാത്തുവിന്റെ പ്രായം. അവൾ വന്നിരുന്നു ദുബായിൽ പോയ ഇളാമ്മയെയും മോളേയും സ്വീകരിക്കാന്‍. മുനീറ കൊടുത്ത കളിപ്പാട്ടത്തിന്റെ കവ൪ പൊട്ടിച്ച് കുഞ്ഞിപ്പല്ല് കാട്ടി അവൾ ചിരിച്ചു”ഇളാമ്മ.. ഇതിന് നല്ല മണം.. നല്ല ദുബൈ മണം…”

Share this on...